ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവച്ചു. ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുൻപാണ് ലോക്സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി.
എം.എൽ.എ. അല്ലാത്ത തീരഥ് സിംഗ് റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ആറുമാസത്തിനകം നിയമഭാംഗത്വം നേടണമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബർ പത്തിന് അകമായിരുന്നു റാവത്തിന് നിയമസഭാംഗത്വം നേടേണ്ടിയിരുന്നത്.
കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിലുള്ള റാവത്ത് ബി.ജെ.പി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാജി സമർപ്പിക്കാൻ നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയത്.