വിദേശത്ത് വെച്ച് കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് കേന്ദ്രം വഹിച്ചു എന്ന് വി. മുരളീധരൻ: കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസലോകത്ത് വൻ പ്രതിഷേധം


ദുബായ്: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പ്രവാസലോകത്ത് പ്രതിഷേധം. കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിച്ചിട്ടുണ്ടെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണ് വി. മുരളീധരൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കോവിഡ് ബാധിച്ച് മരിച്ച വിദേശികളെ ഗൾഫ് നാടുകളിൽ തന്നെയാണ് സംസ്കരിക്കുന്നത്. ഗൾഫിൽ മൃതദേഹം സംസ്കരിക്കാൻ അതത് ഗൾഫ് ഭരണകൂടങ്ങളാണ് മുൻകൈ എടുത്തിരിക്കുന്നത്. ചില ഇന്ത്യക്കാരുടെ മൃതദേഹം സംസ്കരിക്കുന്നതിന്റെ ചെലവ് മാത്രമാണ് ഇന്ത്യൻ എംബസികൾ വഹിച്ചത്. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുമോ എന്ന പി.വി. അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് ഉത്തരമായാണ് മുരളീധരൻ പ്രസ്താവന നടത്തിയത്.

ഗൾഫിൽ മരിച്ച ഇന്ത്യക്കാരെ സംസ്കരിക്കാൻ എംബസിക്ക് ചെറിയ പണച്ചെലവ് ഉണ്ടായാൽപോലും അതൊരു സഹായ പദ്ധതിയാകുന്നില്ലെന്നാണ് പ്രവാസി സംഘടനകളുടെ നിലപാട്. 3570 ഇന്ത്യക്കാർ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചെന്നും ഇതിൽ 3280 മരണങ്ങളും ഗൾഫിലാണ് സംഭവിച്ചിരിക്കുന്നതെന്നുമാണ് മുരളീധരൻ പാർലമെന്റിൽ അബ്ദുൽവഹാബിന് മറുപടി നൽകിയത്. ഗൾഫിലെ പല ഇന്ത്യൻ എംബസികൾക്കും മരിച്ച ഇന്ത്യൻ പൗരന്മാരുടെ കൃത്യമായ പട്ടികയില്ലെന്നിരിക്കെ കേന്ദ്രസർക്കാരിന് ഈ കണക്ക് എങ്ങനെ കിട്ടി എന്നതിൽ വ്യക്തതയില്ല.

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ അവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ സഹായധനം നൽകണമെന്ന ആവശ്യം പ്രവാസി സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.