നിയമസഭയില്‍ ഇരിക്കുന്നത് ആരുടെയും ഔദാര്യത്തിലല്ല; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച്- എംഎൽഎ പി വി ശ്രീനിജന്‍


കൊച്ചി: കമ്പനിയുടെ ഉത്പന്നം എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. ‘ഏതോ കമ്പനിയുടെ ഉത്പന്നമാണ് താന്‍ എന്ന തരത്തില്‍ വി ഡി സതീശന്‍ ആക്ഷേപം പറയുകയുണ്ടായി. ഇത്തരത്തില്‍ അധിക്ഷേപിച്ചതില്‍ വേദനയുണ്ട്’. ഒരു ജനപ്രതിനിധിയെ കമ്പോള നിലവാരത്തില്‍ ഉപമിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങിനെ:

‘തുറന്നകത്ത്,
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍
ഞാന്‍ ഏതോ കമ്പനിയുടെ ഉത്പന്നമാണന്നും കമ്പനിയുടെ ഔദാര്യത്തിലാണ് ഞാന്‍ എംഎല്‍എ ആയത് എന്നതരത്തില്‍ ഒരു ആക്ഷേപം പറയുകയുണ്ടായി. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സതീശന്‍ചേട്ടന്‍. അദ്ദേഹം ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്നറിയില്ല. അദ്ദേഹത്തെ പോലെ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്‌കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തില്‍ നിന്നും വിജയിച്ച എന്നെ കേവലം ഒരു ‘കമ്പനിയുടെ ഉത്പ്പന്നം’ എന്ന തരത്തില്‍ അധിക്ഷേപിച്ചതില്‍ വേദനയുണ്ട്.
ഒരു ജനപ്രതിനിധിയെ കമ്പോള നിലവാരത്തില്‍ ഉപമിക്കുന്നത് അങ്ങയെപ്പോലെയുള്ള ഒരു വ്യക്തിക്ക് ചേര്‍ന്നതല്ല.

ഒരു കാര്യം അങ്ങയെ ഓര്‍മ്മിപ്പിക്കുകയാണ്. ആരുടെയും മുന്നില്‍ നട്ടെല്ല് വളക്കാതെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കുന്നത്തുനാട്ടിലെ എല്‍ഡിഎഫിന്റെ വിജയം. മുഖ്യധാര മാധ്യമങ്ങളുടെ സര്‍വ്വേകളില്‍ മൂന്നാം സ്ഥാനം നല്‍കിയ എനിക്ക് കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച സഖാക്കളാണ് വിജയം തന്നത്. അല്ലാതെ ആരുടേയും ഔദാര്യത്തിലല്ല ഞാന്‍ അങ്ങയോടൊപ്പം നിയമസഭയില്‍ ഇരിക്കുന്നത്’.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.