കോവിഡ് മരണം; സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ല, പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന്- ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌


തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. ഒരാശുപത്രിയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ് ചെയ്യണം. രോഗി മരിച്ച്  24 മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രികളില്‍ നിന്ന് ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ നടക്കണം. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ തന്നെ പ്രസിദ്ധീകരിക്കണം. 

ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചു പരിശീലനം നല്‍കി. കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.  

കോവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് അവരുടെ മാര്‍ഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക. 

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍  മറച്ചുവെക്കാന്‍ ഒന്നുമില്ല എന്നതിനാല്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ആശുപത്രിയില്‍ വെച്ചുതന്നെ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. നേരത്തെയും ഐസിഎംആറിന്റെയും ഡബ്ല്യൂഎച്ച്ഒയുടെയും മാര്‍ഗനിര്‍ദേശം അനുസരിച്ചാണ്  കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.