തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വാക്സിൻ ഇതിനോടകം തീർന്നതായും അവശേഷിക്കുന്ന ജില്ലകളിൽ വാക്സിന്റെ അളവ് നാമമാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് 45 വയസിന് മുകളിൽ ഉള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. 35 ശതമാനം ആളുകൾക്ക് രണ്ട് ഡോസും നൽകാനായി. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാസർഗോഡ് കോവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ മന്ത്രി പിന്തുണക്കുകയും ചെയ്തു.