സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരാം.. ഗര്‍ഭിണികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം..


തിരുവനന്തപുരം: സിക്ക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഭയം വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ 14 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചത്.

ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്കമൂലം ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സിക്ക ബാധിച്ച 24 വയസുകാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്.

2017ലാണ് ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാല്‍ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുകയാണ് പ്രതിരോധ മാര്‍ഗം.

1947 ല്‍ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ കുരങ്ങുകളിലാണ് ഈ വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. 2015ല്‍ ബ്രസീലില്‍ പടര്‍ന്ന രോഗം തൊട്ടടുത്ത വര്‍ഷം നടന്ന റിയോ ഒളിമ്പിക്സിന് ഭീഷണിയായതോടെയാണ് ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.