പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം


മലപ്പുറം: കേരള പൊതുമണ്ഡലത്തിൽ നന്മയുടെ നറുനിലാവ് പരത്തിയ പൂർണ ചന്ദ്രശോഭ അസ്തമിച്ചിട്ട് ഇന്നേയ്ക്കു ഒരു വ്യാഴവട്ടം പൂർത്തിയാകുന്നു. 12 വർഷം മുൻപ്, 2009 ഓഗസ്റ്റ് 1 ന് ആണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമകളുടെ മറുതീരത്തേക്കു യാത്രയായത്. ഇത്രയും വർഷത്തിനിടെ, തങ്ങളുണ്ടായിരുന്നെങ്കിലെന്ന് പാർട്ടിയും സമൂഹവും വല്ലാത്തൊരു നഷ്ടബോധത്തോടെ എത്ര തവണ ആത്മഗതം ചെയ്തിരിക്കുന്നു. മൂന്നരപ്പതിറ്റാണ്ടുകാലം ആത്മീയ-രാഷ്ട്രീയ- സാംസ്കാരിക മേഖലകളുടെ അമരത്തിരുന്നൊരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി.

ജീവിച്ചിരുന്ന കാലത്ത് ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസത്തിന്റെ തണലായിരുന്നു ശിഹാബ് തങ്ങൾ. മരണ ശേഷം ആ ഓർമയും തണലായി മാറി. തങ്ങളുടെ പേരിൽ മുസ്‌ലിം ലീഗ് നടപ്പാക്കിയ ബൈത്തുറഹ്മ പദ്ധതിയിലൂടെ ഇതിനകം പതിനായിരത്തിലേറെ പേർക്കു വീടുവച്ചു നൽകി. മലപ്പുറത്തെ ഗ്രാമങ്ങൾ മുതൽ ഉത്തർപ്രദേശിലെ മുസഫർ നഗറിൽവരെ കാരുണ്യത്തിന്റെ മേൽക്കൂരയായി ബൈത്തുറഹ്മകൾ കാണാം. തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ആശ്വാസം തേടി കൊടപ്പനയ്ക്കൽ തറവാട്ടിലെത്തിയിരുന്ന പതിനായിരങ്ങളെപ്പോലെ, ബൈത്തു റഹ്മ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകളില്ല.

മതം സമൂഹത്തിൽ മതിലുകൾ തീർക്കുന്ന കാലത്ത് തീർച്ചയായും വായിക്കേണ്ട പാഠപുസ്തകമാണു ശിഹാബ് തങ്ങൾ. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ തീപിടിത്തമുണ്ടായപ്പോഴും ബാബറി മസ്ജിദ് തകർത്തപ്പോഴും മാറാട് വിദ്വേഷം ചോരക്കളം തീർത്തപ്പോഴും മതസൗഹാർദത്തിന്റെ കൊടി അദ്ദേഹം ഉയർത്തിപ്പിടിച്ചു. പാർട്ടിക്കു പരുക്കു പറ്റുമെന്ന ആശങ്കയുയർന്നപ്പോൾ പോലും ഒരടി പിന്നോട്ടുപോയില്ല. കാലവും സമൂഹവും പിന്നീട് ആദരവോടെ പറഞ്ഞു- ശിഹാബ് തങ്ങളായിരുന്നു ശരി.

‘ആക്സിഡന്റൽ’ രാഷ്ട്രീയക്കാരനായിരുന്നു തങ്ങൾ. ഈജിപ്തിൽ നിന്നു ഉന്നത പഠനം കഴിഞ്ഞെത്തുമ്പോൾ വിദേശത്ത് അധ്യാപകനാകാനായിരുന്നു മോഹം. പൂക്കളും പുസ്തകങ്ങളും യാത്രകളും സംഗീതവും ഇഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ ആഗ്രഹപ്പട്ടികയിൽ അവസാനമായി പോലും രാഷ്ട്രീയമില്ലായിരുന്നു. നിയോഗം പക്ഷേ മറ്റൊന്നായിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ അകാല മരണം, 39-ാം വയസ്സിൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിച്ചു. പിന്നീട് മരണം വരെ, 35 വർഷക്കാലം പദവിയിൽ തുടർന്നു.

2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി നേരിട്ടപ്പോൾ ശിഹാബ് തങ്ങൾ നടത്തിയ പ്രതികരണത്തെക്കുറിച്ച് സ്ഥാനാർഥി കെ.പി.എ.മജീദ് എഴുതിയിട്ടുണ്ട്. ‘അണികളുമായുള്ള ബന്ധം അകന്നുപോയതും പ്രവർത്തകരുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നതിൽ പ്രാദേശിക നേതാക്കൾക്കു തെറ്റുപറ്റിയതുമൊക്കെയാണു പരാജയ കാരണമായി തങ്ങൾ വിലയിരുത്തിയത്’. പിന്നീട് പാർട്ടി ശക്തമായി തിരിച്ചുവന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പ് തിരിച്ചടി ലീഗ് ചർച്ച ചെയ്യുമ്പോൾ ഇതു പ്രസക്തം. മാധ്യമ പ്രവർത്തകൻ സി.പി.സൈതലവിയുടെ ശിഹാബ് തങ്ങൾ ഓർമയിൽ ആ വ്യക്തിത്വത്തിന്റെ കാതലുണ്ട്.

‘കൊടപ്പനയ്ക്കൽ തറവാട്ടിൽ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം നടക്കുമ്പോൾ പുറത്തു നിന്നൊരു കരച്ചിൽ. പശുവുമായി ബന്ധപ്പെട്ട പരാതി പറയാനെത്തിയ സമീപത്തെ കോളനിയിൽ താമസിക്കുന്ന സ്ത്രീയാണ്. തങ്ങളൊഴികെയുള്ളവർ ചിരിച്ചു. യോഗത്തിൽ നിന്നിറങ്ങി തങ്ങൾ അവരുടെ പരാതി കേട്ടു. പ്രതിവിധി പറഞ്ഞ് ആശ്വസിപ്പിച്ചു പറഞ്ഞയച്ച ശേഷം യോഗത്തിൽ മടങ്ങിയെത്തി’.ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെ ചേർത്തിപിടിച്ചിരുന്നു ശിഹാബ് തങ്ങൾ. അതു കൊണ്ടാണ്, അദ്ദേഹം ഓർമയിലെ നിത്യ നക്ഷത്രമാകുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.