ഹൈദരബാദ്: കടബാധ്യത തീര്‍ക്കാന്‍ മൂന്ന് വയസുള്ള സ്വന്തം മകനെ തട്ടികൊണ്ടുപോയ ശേഷം ഭാര്യയോട് തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ എന്‍ജീനയറായ ഭര്‍ത്താവ് അറസ്റ്റിൽ. പണം തന്നില്ലെങ്കില്‍ കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ 20 ലക്ഷം രൂപയാണ് ഭാര്യയോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഹൈദരബാദിലെ പ്രമുഖ ഐടി കമ്പനിയിലെ എൻജിനീയറായ പല്‍നാട്ടി രാമകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം നടന്നത്. 20 ലക്ഷം രൂപ കടമെടുത്ത എന്‍ജിനീയര്‍ അത് തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോള്‍ രാമകൃഷ്ണ കണ്ടെത്തിയ വഴിയാണ് സ്വന്തം മകനെ തട്ടികൊണ്ടുപോകുക എന്നത്. കോവിഡ് ലോക് ഡൗണ്‍ കാരണം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്തിരുന്ന രാമകൃഷ്ണ മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്നു. അതിനെ തുടര്‍ന്നാണ് ഇയാൾക്ക് 20 ലക്ഷം രൂപ വായ്പ എടുക്കേണ്ടി വന്നത്.
ജൂലൈ 28നാണ് മദ്യപിച്ച് വീട്ടിലേക്ക് കയറിച്ചെന്ന രാമകൃഷ്ണ സ്വന്തം മകനെ ബലംപ്രയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, പണം തന്നില്ലെങ്കില്‍ മകനെ കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് ഭാര്യ ജൂലൈ 30 ന് പൊന്നലുരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു . പൊലീസ് അന്വേഷണത്തിനൊടുവില്‍ കണ്ടുക്കൂരിന് സമീപം പ്രതിയെ കണ്ടെത്തുകയായിരുന്നു.
സ്വന്തം മകനൊപ്പം മദ്യപിച്ച് ബോധരഹിതനായി കിടക്കുന്ന രീതിയിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ അമ്മയുടെ കൂടെ വിടുകയും ചെയ്തു.