തൃത്താലയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 2450 ലിറ്റർ സ്പിരിറ്റ്


പാലക്കാട്: തൃത്താലയിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച 2450 ലിറ്റർ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ വിറക് പുരയിൽ 70 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒരു കന്നാസിൽ 35 ലിറ്റർ സ്പിരിറ്റാണുള്ളതെന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി.

പാലക്കാട് അണക്കപ്പാറയിലെ വ്യാജകള്ള് നിർമാണ കേന്ദ്രത്തിലെ റെയ്ഡിന് ശേഷമുള്ള വലിയ കേസാണിത്. വ്യാജ കള്ള് നിർമ്മിക്കാനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. റെയ്ഡിനെ തുടർന്ന് അജി ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അജിയുടെ പിതാവ് കൃഷ്ണൻകുട്ടിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിയുടെ വീട്ടിൽ സ്പിരിറ്റ് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എൻഫോഴ്സ്മെൻറ് പരിശോധന നടത്തുകയായിരുന്നു.

എക്സൈസ് എൻഫോഴ്സ്മെൻ്റ് സി ഐമാരായ അനിൽകുമാർ, കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ശെന്തിൽ, ടി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, പ്രിവൻ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ് , അഖിൽ, ബസന്ത്, മുഹമ്മദലി, ഡ്രൈവർ രാജീവ് എന്നിവരാണ് റെയ്ഡ് നടത്തിയത്. തൃത്താല മേഖലയിലെ വിവിധ കള്ള് ഷാപ്പുകളിലേക്ക് സ്പിരിറ്റ് ചേർത്ത കള്ള് വിതരണം ചെയ്തിരുന്നോയെന്ന് അന്വേഷണ സംഘം പരിശോധിയ്ക്കും. രണ്ടു വർഷം മുൻപ് തൃത്താലയിൽ നിന്നും സ്പിരിറ്റ് ചേർത്ത കള്ള് പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.