"ഈ വണ്ടി എടുക്കാന്‍ തോന്നിയതുകൊണ്ടുമാത്രം ഞങ്ങൾ ജീവനോടെയുണ്ട്'; ടാറ്റക്ക് നന്ദിപറഞ്ഞ് മരണ മുഖത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രമുഖ ഗായിക: കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ


കോഴിക്കോട്: ടാറ്റാ വാഹനങ്ങളുടെ വീര കഥകൾ പലതും നാം കേട്ടിട്ടുള്ളതാണ്. സുരക്ഷയുടെ കാര്യത്തിൽ കണ്ണുമടച്ച് ടാറ്റയുടെ കാറുകൾ വിശ്വസിക്കാമെന്ന് തെളിയിക്കുന്ന പല അനുഭവങ്ങളും സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടാറ്റയുടെ പ്രീമിയം ക്രോസോവറായ ഹെക്സയുടെ സുരക്ഷാ മികവ് പലതവണ തെളിയിക്കപ്പെട്ടതാണ്. ഹെക്സ കാരണം വൻ അപകടത്തെ അതിജീവിച്ച പ്രശസ്ത ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ അനുഭവ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ടാറ്റാ ഹെക്സയില്‍ മകളോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തെക്കുറിച്ചായിരുന്നു ഇംതിയാസ് ബീഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം വാഹനം സർവീസിന് നല്‍കിയിരുന്നതിനാലാണ് സുഹൃത്തിന്റെ ടാറ്റ ഹെക്സയും കടംവാങ്ങി കോഴിക്കോടേക്ക് മകളോടൊപ്പം പ്രോഗ്രാമിന് പോയതെന്ന് ഇംതിയാസ് പറയുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്നിൽ ഉണ്ടായിരുന്ന ലോറി വേഗത കൂട്ടിയെന്നും ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെന്നും ഇംതിയാസ് ബീഗം കുറിക്കുന്നു. പക്ഷേ മഴയായതുകൊണ്ട് വണ്ടി റോഡില്‍ തെന്നി നീങ്ങിത്തുടങ്ങി. തട്ടാതെ ഒതുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്‍ടമായ വാഹനം നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ചു. ശേഷം മൂന്ന് നാല് പ്രാവിശ്യം കറങ്ങി പോയി രണ്ട് ലോറികള്‍ക്ക് അപ്പുറത്തെത്തി മറ്റൊരു ലോറിയുടെ സൈഡിൽ കാറിന്റെ പുറകുവശം ഇടിച്ചു നിന്നെന്നും ഗായിക പറയുന്നു.

ഇത്രയും വലിയ അപകടം സംഭവിച്ചിട്ടും പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകള്‍ സീറ്റില്‍ സുരക്ഷിതയായിരുന്നുവെന്നും മുന്നിലെ ചില്ലു പൊട്ടിത്തെറിച്ച് തന്റെ കൈയിലെ തൊലി പോയതല്ലാതെ, രണ്ടുപേർക്കും യാതൊരുവിധ പരിക്കും പറ്റിയിട്ടില്ലെന്നും ഇംതിയാസ് ബീഗം സാക്ഷ്യപ്പെടുത്തുന്നു. വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഇറങ്ങിയത് ഒരു നിയോഗം ആയി തോന്നുന്നുവെന്നും അതുകൊണ്ട് മാത്രം തങ്ങൾ ജീവനോടെ ഉണ്ടെന്നും പറഞ്ഞാണ് ഇംതിയാസ് ബീഗം കുറിപ്പ് അവസാനിപ്പിക്കുന്നത്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പിന്‍വശവും മുന്‍വശവും ഉള്‍പ്പെടെ പൂര്‍ണണായി തകര്‍ന്നിട്ടും വാഹനത്തിന്‍റെ ഇന്‍റീരിയറിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നത് ചിത്രങ്ങളിൽ വ്യക്തം.

'ഓമലാളേ നിന്നെ ഓര്‍ത്ത്..'എന്ന ഗസൽ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവരായി മാറിയ ദമ്പതിമാരാണ് കണ്ണൂര്‍കാരനായ റാസ റസാഖും ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ഇംതിയാസ് ബീഗവും. ഇരുവരുടെയുമൊപ്പം മകള്‍ സൈനബ് ഉൽ യുസ്റ എന്ന ഏഴുവയസുകാരിയും ചേർന്ന് പാടിയ 'നീയെറിഞ്ഞ കല്ല് പാഞ്ഞ്..' എന്ന പാട്ടും അടുത്തകാലത്ത് തരംഗമായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.