യുഎഇലേക്കുള്ള മടക്കയാത്ര; ഇത്തിഹാദും, എമിറേറ്റ്സും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: കൂടുതൽ അറിയാൻ


ദുബൈ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാതലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയതോടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് പ്രമുഖ വിമാനക്കമ്പനികള്‍. യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ് എയര്‍വെയ്‌സും എമിറേറ്റ്‌സുമാണു ബുക്കിങ് ആരംഭിച്ചത്. യുഎയിൽ റെസിഡൻസി പെർമിറ്റുള്ളവർക്കും യുഎയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുമാണ് പുതിയ ഇളവ് പ്രകാരം ഇന്ത്യയിൽ നിന്ന് യാത്രാ അനുമതി ലഭിച്ചിട്ടുള്ളത്.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്‌സ് ഓഗസ്റ്റ് 18 മുതലുള്ള ടിക്കറ്റുകളാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇക്കണോമി ക്ലാസിനു 18,19 തിയതികളില്‍ 70,684 രൂപയും 20,21,22 തിയതികളില്‍ 71,860 രൂപയും 25 മുതല്‍ 30 വരെ 51,878 രൂപയുമാണ് നിലവില്‍ വെബ്‌സൈറ്റില്‍ കാണിക്കുന്ന നിരക്ക്. സെപ്റ്റംബര്‍ അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്ക് കോവിഡിനു മുന്പുളള നിരക്കിൽ എത്തുന്നതായാണു കാണിക്കുന്നത്.

എമിറേറ്റ്‌സ് ഓഗസ്റ്റ് ഒന്‍പതു മുതലാണു ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഒന്‍പത്, 10,11 തിയതികളില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിന് 1,31,120 രൂപയാണു നിലവിലെ നിരക്ക്. 15ന് 92,749 രൂപയും 16നു 89,837 രൂപയിലുമെത്തുന്ന നിരക്ക് 23 മുതല്‍ 25 വരെ വീണ്ടും ഒരു ലക്ഷം കടക്കും. 26നു 61,750 രൂപയിലെത്തി മാസാവസനാത്തോടെ മുപ്പതിനായിരത്തിനു താഴെയായും സെപ്റ്റംബര്‍ 20 മുതല്‍ പതിനായിരത്തിനു താഴെയായും ടിക്കറ്റ് വില കുറയുന്നുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച് ഇന്നു രാത്രിയോടെ വ്യക്തതയുണ്ടാവുമെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരം. ഇന്ത്യയിലെ മറ്റു സ്വകാര്യ എയർലൈൻസുകളുടെ ഈ സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

യുഎഇയില്‍നിന്ന് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഓഗസ്റ്റ് അഞ്ചു മുതല്‍ യുഎഇ പ്രവേശനം അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ യുഎഇയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു. അവിടെനിന്ന് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത് ഡിസംബര്‍-ജനുവരി മുതല്‍ ആയിരക്കണക്കിനു പ്രവാസികളാണ് ഇന്ത്യയിലേക്ക് അവധിക്കു വന്നത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗം രൂക്ഷായതോടെ ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തി. ഇതോടെ ഭൂരിഭാഗം പേര്‍ക്കും തിരിച്ചുപോകാന്‍ കഴിയാതെയായി.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വാക്‌സിന്‍ എടുക്കാത്തവര്‍ക്കും വ്യാഴാഴ്ച മുതല്‍ തിരിച്ചുപോകാന്‍ കഴിയും.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.

ഈ വിഭാഗത്തിലുള്ളവുടെ കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധനഫലമുണ്ടാകണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യുഎഇയില്‍ എത്തിയശേഷം പിസിആര്‍ ടെസ്റ്റിനു വിധേയമാകുകയും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം.

യാത്രാനുമതിയ്ക്കായി ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ടന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.