ഉയർന്ന ശമ്പളത്തിൽ വിദേശത്ത് കോവിഡ് വോളണ്ടിയേഴ്‌സിനെ ആവശ്യമുണ്ടെന്ന പേരില്‍ വ്യാജ റിക്രൂട്ട്‌മെന്റ്; ലക്ഷങ്ങള്‍ തട്ടിയെടുത്തു രണ്ടു പേര്‍ അറസ്റ്റിൽ, പ്രതികളെ പോലീസ് വലയിലാക്കിയത് ഇങ്ങിനെ..


കൊച്ചി: യൂറോപ്പിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വോളണ്ടിയേഴ്സിനെ ആവശ്യമുണ്ടെന്ന പേരിൽ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർ കൊച്ചിയിൽ അറസ്റ്റിലായി.
എറണാകുളം ദിവാൻസ് റോഡിൽ ബ്രില്ലാന്റോ എച്ച്ആർ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവന്ന താജുദ്ദീൻ എന്ന ദിലീപ് (49) നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐജിപി നാഗരാജുവിന് ന് കൊച്ചിയിൽ കോവിഡിന്റെ പേരിൽ വിദേശത്തേക്ക് വ്യാജ റിക്രൂട്മെന്റ് നടക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോൺഗ്രെയുടെ നിർദേശപ്രകാരം സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതി എറണാകുളം വാരിയം റോഡിൽ ഉദ്യോഗാർത്ഥികളെ ആകർഷിക്കാനായി ആഡംബര ഓഫീസ് ആണ് തയ്യാറാക്കിയിരുന്നത്. ഓഫീസിൽ ജോലിക്കായി നിർത്തിയിരിക്കുന്ന സ്റ്റാഫുകൾക്കെല്ലാം ആകർഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നൽകിയിരുന്നത്. ഓഫീസ് കാര്യങ്ങൾ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പർ ആണ് ഒ.എൽ.എക്സിലും മറ്റും പരസ്യമായി കൊടുത്തിരിക്കുന്നത്.

പരസ്യത്തിൽ മന്ത്ര എന്നാണ് സ്റ്റാഫിന്റെ വ്യാജ പേര് നൽകിയിരുന്നത്. മറ്റു സ്റ്റാഫുകൾക്കും ഇയാൾ വ്യാജ പേരുകളാണ് ഓഫീസിൽ നൽകിയിരിക്കുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് മൂന്നിലേറെ വ്യാജ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താജുദ്ദീൻ എന്ന പ്രതി ഇയാളുടെ പേര് ദിലീപ് എന്ന് മാറ്റിയതായി പറയുന്നു. ഇതിൽ അയാളുടെ അച്ഛന്റെ പേരും മുഹമ്മദ് ഇസ്മയിൽ എന്നതിൽ നിന്നും സഞ്ജയ് നായർ എന്നും മാറ്റിയിട്ടുണ്ട്. പ്രതി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലും ആണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലും നെതർലൻഡിലും ആശുപത്രികളിലേക്ക് കൊവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒ എൽ എക്സ് പോലുള്ള ഓൺലൈൻ സ്ഥാപനങ്ങൾ വഴി പരസ്യം ചെയ്താണ് ഉദ്യോഗാർത്ഥികളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. 2 മാത്രമാണ് വിദ്യാഭ്യാസയോഗ്യത പറയുന്നത് ഇംഗ്ലണ്ടിലേക്ക് 70000 രൂപയും നെതർലൻഡ് ലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സർവീസ് ചാർജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പതിനായിരം രൂപയും പാസ്പോർട്ടും നെതർലൻഡ് ലേക്ക് മുപ്പതിനായിരം രൂപയും പാസ്പോർട്ടും കൊടുക്കണം.

മറ്റൊരു പ്രതിയായ സൈനുദ്ദീന് തിരുവനന്തപുരം, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ വിലാസം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ എച്ച്.ആർ കമ്പനി രജിസ്റ്റർ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീസ് റെന്റ് എഗ്രിമെന്റ് വേറൊരാളുടെ പേരിലുമാണ്.

വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള യാതൊരുവിധ ലൈസൻസും ടിയാന്റെ കമ്പനിക്ക് ഇല്ലെന്ന് പരിശോധനയിൽ ' വ്യക്തമായി. പോലീസ് അറസ്റ്റ് ചെയ്തു സ്ഥാപനത്തിൽ കൊണ്ടു വരുമ്പോഴാണ് പ്രതികളുടെ യഥാർത്ഥ വിവരങ്ങൾ ഓഫീസ് ജീവനക്കാരും അറിയുന്നത്. ഒരാഴ്ചയായി പ്രതിയുടെ ഓഫീസ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പോലീസിന്റെ ഒപ്പം നിൽക്കുന്ന കുട്ടികളെ ഉദ്യോഗാർഥികളായി തരപ്പെടുത്തി പോലീസ് പ്രതിയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി. തുടർന്ന് പോലീസ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തിൽ ഓഫീസിൽ കയറി പ്രതിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

തുടർന്ന് ഓഫീസ് ജീവനക്കാർ മുഖേന കോവിഡ് ലംഘനത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. സ്റ്റേഷനിൽ വന്ന് ഫൈൻ അടക്കണമെന്നും അല്ലെങ്കിൽ അഡ്രസ്സിൽ പോലീസ് പോകുമെന്നും അറിയിച്ചു. വ്യാജ അഡ്രസ്സ് ആയതിനാൽ പ്രതി ഫൈൻ അടക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു. നേരിട്ട് വന്നാൽ ഐഡി കാർഡിന്റെ ആവശ്യമില്ലെന്നും പണം അടയ്ക്കണമെന്നും പൊലീസ് അറിയിച്ചു. തുടർന്നാണ് പ്രതി എറണാകുളത്ത് എത്തുന്നതും പോലീസ് പിടിയിലായതും.

കൊടുത്തിരിക്കുന്ന എല്ലാ അഡ്രസ്സും വ്യാജമായതിനാൽ പ്രതി എറണാകുളം വരാതെ മുങ്ങി നിൽക്കുകയായിരുന്നു വളരെ തന്ത്രപൂർവ്വമാണ് പോലീസ് പ്രതിയെ കൊച്ചിയിൽ എത്തിച്ചത്      എറണാകുളം  സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ  കെ ലാൽജിയുടെ നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്  പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.