കൊച്ചി: ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. പുരുഷന്റെ ലിംഗം സ്ത്രീശരീരത്തിൽ ഏതു ഭാഗത്തും പ്രവേശിപ്പിച്ചാലും ബലാത്സംഗമായി കണക്കാക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്ത്രീകൾക്കെതിരെ ബലംപ്രയോഗിച്ചു യോനിയിൽ ലിംഗം കടത്തിയുള്ള അതിക്രമം മാത്രമല്ല ബലാത്സംഗമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി വിധിക്കെതിരായ പ്രതിയുടെ അപ്പീൽ കേൾക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. വിചാരണക്കോടതി ജീവപര്യന്തം തടവിന് വിധിച്ചതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഇരയുടെ തുടകൾ ചേർത്തുവെച്ച് പ്രതി ലിംഗം പ്രവേശിപ്പിച്ച് പീഡിപ്പിച്ചെന്നാണ് ഈ കേസിൽ ആരോപിക്കപ്പെട്ട ലൈംഗിക പ്രവൃത്തി. ക്രിമിനൽ നിയമ ഭേദഗതി ആക്ട് 2013 -ന്റെ രൂപീകരണവും കാലാകാലങ്ങളിൽ 'ബലാത്സംഗം' എന്ന കുറ്റകൃത്യത്തിന്റെ ക്രമാനുഗതമായ പരിണാമവും കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ.
375 -ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന ബലാത്സംഗത്തിന്റെ നിർവചനം ഇങ്ങനെയാണ്, യോനിയിലോ മലദ്വാരത്തിലെ അല്ലെങ്കിൽ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്ക് ലിംഗം പ്രവേശിപ്പിച്ചുള്ള അതിക്രമമാണത്. അങ്ങനെ ലൈംഗിക സംതൃപ്തിക്കായി ലിംഗം പ്രവേശിപ്പിക്കാൻ കൃത്രിമമായി ചെയ്യുന്നതെന്നും ബലാത്സംഗമായി കണക്കാക്കും 'കോടതി പറഞ്ഞു.