ടോക്യോ ഒളിമ്പിക്സ്; പിവി സിന്ധുവിന് വെങ്കലം, ചരിത്രനേട്ടം: തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത


ടോക്യോ ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. നീണ്ട റാലികളും തകർപ്പൻ സ്മാഷുകളും പിൻപോയിൻ്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികൾ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

സെമിയിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ താരം ടി വൈ തായിയോടാണ് സിന്ധു പരാജയപ്പെട്ടത്. 21-18, 21-12 ആണ് സ്കോർനില. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പുറത്തായത്.

അതേസമയം, പുരുഷ ടെന്നീസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനു സ്വർണം. റഷ്യയുടെ കാരൻ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വർണമെഡലിൽ മുത്തമിട്ടത്. 1988ൽ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിൾസിൽ സ്വർണം നേടുന്ന ആദ്യ ജർമൻ താരമാണ് സ്വരേവ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനൽ പ്രവേശനം നേടിയത്. സ്പെയിൻ്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിനു കീഴടക്കിയാണ് കാരെൻ ഫൈനലുറപ്പിച്ചത്.

1-6, 6-3, 6-1 എന്ന സ്കോറിനായിരുന്നു സെമിയിൽ സ്വരേവിൻ്റെ ജയം. നാല് പ്രധാന മേജറുകളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമ്മൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച് ആ നേട്ടത്തിലെത്താതെ മടങ്ങി. 1988ൽ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.