കെ.ടി ജലീലിന്റെ പാണക്കാട് മുഹബ്ബത്ത് തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്; ഏതെങ്കിലും പാര്‍ട്ടീ ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ടതില്ല; തിരിച്ചടിച്ച്- പിഎംഎ സലാം


മലപ്പുറം: ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കില്‍ ഒന്നുകില്‍ ഇ.ഡി കൊടുക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയില്‍ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മില്‍ അടുത്തകാലത്തായി നല്ല ബന്ധമാണ്. അര്‍ധരാത്രിയില്‍ തലയില്‍ മുണ്ടിട്ടൊക്കെയാണ് ജലീല്‍ ഇ.ഡിയെ കാണാന്‍ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പ്രതികരിച്ചു.

മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടീ ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ ഇടപെടേണ്ടതില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുളള ശക്തമായ നേതൃത്വമുളള പ്രസ്ഥാനമാണ് മുസ്ലീം ലീഗ്.''പാണക്കാട് നിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത്'' എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ ''പാണക്കാട് മുഹബ്ബത്ത്'' തിരിച്ചറിയാനുളള വിവേകമൊക്കെ സമൂഹത്തിനുണ്ട്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ ചെവി കൊള്ളേണ്ട ഗതികേട് ഒരു കാലത്തും മുസ്ലീം ലീഗിനുണ്ടായിട്ടില്ല.ഉണ്ടാവുകയുമില്ല.-അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈന്‍ അലിയുടെ വക്കാലത്തും കൊണ്ട് വരാന്‍ കെ ടി ജലീല്‍ ആരാണെന്ന് പിഎംഎ സലാം നേരത്തെ ചോദ്യമുന്നയിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍, വലിയ വില നല്‍കേണ്ടി വരുമെന്നാണ് കെ.ടി ജലീല്‍ പറഞ്ഞത്.

ഇഡിയുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി തന്നെ പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ കെടി ജലീല്‍ പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദരേഖകള്‍ അറ്റകൈക്ക് പുറത്തുവിടേണ്ടി വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണ്. 2006-ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നായിരുന്നു ജലീല്‍ ശനിയാഴ്ച രാവിലെ പ്രതികരിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.