കോഴിക്കോട്: അച്ഛനേയും മകളേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജർ (കമ്യൂണിക്കേഷന്‍) ഒയാസിസിൽ ആവത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരാണ് മരിച്ചത്.
വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപമാണ് ഇവരുടെ വീട്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മകളെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം പറയാൻ തൊട്ടടുത്ത മുറിയിലുള്ള ഭർത്താവിനടുത്തേക്ക് ഓടിയപ്പോൾ മുറി അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
പ്രഭാവതി ബഹളം വെച്ചതോടെ ഓടിയെത്തിയ അയൽക്കാരാണ് മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. തുടർന്നാണ് മുറിയിലെ ഫാനിൽ പീതാംബരനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ശാരികയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരിക വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബാംഗ്ലൂരിൽ എഞ്ചിനീയറായ പ്രജിത്ത് എന്ന മകൻ കൂടി പീതാംബരനുണ്ട്. ബാംഗ്ലൂരിൽ എഞ്ചിനീയറായ ശ്രുതി മരുമകളാണ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)