മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ട്രാഫിക് എസ്ഐയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മലപ്പുറം ട്രാഫിക് എസ്ഐ ഇന്ദു റാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പിഴ അടയ്ക്കാന്‍ തയ്യറാണെന്ന് പറഞ്ഞിട്ടും ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് വിഡിയോയില്‍ പറയുന്നു. പിഴ അടയ്ക്കാന്‍ എസ്ഐ പറയുമ്പോള്‍ കോടതിയില്‍ അടച്ചോളം എന്ന് മറുപടി പറയുന്നതും വിഡിയോയില്‍ നിന്ന് കേള്‍ക്കാം.
എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്ഐ കേട്ടില്ല. എന്തടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചുവാങ്ങിയതെന്ന് നാട്ടുകാര്‍ എസ്ഐയോട് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഒരു ഫോണ്‍ നാട്ടുകാരുടെ മുന്നിലേക്ക് എസ്ഐ നീട്ടുന്നതും കാണാം.