ദുബായ്: മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ചമുതൽ പ്രവാസികൾ നേരിട്ട് യു.എ.ഇ.യിലേക്ക് എത്തിത്തുടങ്ങുന്നു. യു.എ.ഇ.യിൽ നിന്നുതന്നെ രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മടങ്ങിയെത്താൻ അനുമതിയുള്ളത്. വാക്സിൻ രണ്ടാംഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യിൽനിന്ന് ലഭിച്ച വാക്സിനേഷൻ കാർഡ് കൈവശമുണ്ടായിരിക്കണം. ഇതുകൂടാതെ യു.എ.ഇ. സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാവുന്ന വാക്സിനേഷൻരേഖകളും അംഗീകരിക്കും.
ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് അടുത്തഘട്ടത്തിൽ അനുമതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. യു.എ.ഇ. അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് വ്യാഴാഴ്ചമുതൽ മടങ്ങിയെത്താമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ, ചൊവ്വാഴ്ച അർധരാത്രിയോടെ ട്രാവൽ ഏജൻസികൾക്കും വിമാനക്കമ്പനികൾക്കും അയച്ച സർക്കുലറിൽ യു.എ.ഇ.യിൽനിന്ന് വാക്സിനെടുത്തവർക്ക് മാത്രമായി അനുമതി പരിമിതപ്പെടുത്തുകയായിരുന്നു.