യുഎഇയിലേക്കുള്ള മടക്കം; കൊച്ചിയിൽ നിന്നും പുറപ്പെട്ട ആദ്യവിമാനം ദുബായിലെത്തി: യാത്ര നടപടിക്രമങ്ങൾ വിശദമായി അറിഞ്ഞിരിക്കാം..


അബുദാബി: മൂന്നരമാസത്തെ
ആശങ്കകൾക്കൊടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികൾ നേരിട്ട് മടങ്ങിത്തുടങ്ങി. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30 പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായിലെത്തി.10.30നു കൊച്ചിയിൽ നിന്നു പുറപ്പെട്ട വിമാനത്തിലും തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലും നൂറുകണക്കിനു പേരാണു യുഎഇയിലേക്കു യാത്ര ചെയ്തത്.

യുഎഇ എമിഗ്രേഷനുകളിൽ നിന്നുള്ള അനുമതിയുടെ തെളിവ്, യുഎഇയിൽ നിന്ന് രണ്ട് വാക്സിനേഷനും സ്വീകരിച്ചതിന്റെ രേഖ, കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് , വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് റാപിഡ് പരിശോധനാ നെഗറ്റീവ് സർടിഫിക്കറ്റ് എന്നിവയാണു ഹാജരാക്കേണ്ടത്. കൂടാതെ, യുഎഇയിൽ നിന്ന് വന്നിട്ട് ആറ് മാസം കൂടാനും പാടില്ല. ഇൗ നിബന്ധനകളിൽ ചിലത് വരും ദിനങ്ങളിൽ മാറിയേക്കാം.

യാത്രക്കാർ വിമാനത്താവളത്തിൽ ഹാജരാക്കേണ്ട രേഖകൾ:

ഒന്ന്– യുഎഇയിൽ നിന്നു രണ്ട് വാക്സിനേഷനും സ്വീകരിച്ചവർ അതിന്റെ തെളിവ് ഹാജരാക്കണം. ഇന്ത്യയിൽ നിന്നു വാക്സിനേഷൻ പൂർത്തിയാക്കിയവരെ യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കുന്നില്ല. ഇത്തരത്തിൽ ഒട്ടേറെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്നു നിരാശരായി മടങ്ങേണ്ടി വന്നു.

രണ്ട്– ദുബായ് വീസയുള്ള യാത്രക്കാർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (ജിഡിആര്‍എഫ്എ) നിന്നും മറ്റു എമിറേറ്റുകളിലെ വീസക്കാർ ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻ‍ഡ് സിറ്റിസൺഷിപ്പി(െഎസി െഎ)ൽ നിന്നുമെടുത്ത അനുമതിയുടെ പ്രിന്റൗട്ട് എന്നിവ കാണിച്ചുമാണ് യാത്ര ചെയ്തത്. ഇൗ വെബ് സൈറ്റിൽ അപേക്ഷിച്ചാൽ ലഭിക്കുന്ന സക്സസ് സന്ദേശവും രണ്ട് ഗ്രീൻ ടിക്കുമടങ്ങിയ അനുമതിയുടെ പ്രിന്റൗട്ടാണ് കാണിക്കേണ്ടത്. അല്ലാതെ, ഇതുസംബന്ധമായി ഇ–മെയിൽ ലഭിക്കുമെന്നും അത് കാണിക്കേണ്ടതുണ്ടെന്നും പറയുന്നത് ശരിയല്ലെന്നു യാത്രക്കാരിലൊരാളായ കാസർകോട് ചെറുവത്തൂർ മടക്കര സ്വദേശി അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന്– യാത്രയ്ക്ക് മുൻപ് 48 മണിക്കൂറിനകം നടത്തിയ കോവി‍ഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വിമാനത്താവളത്തിൽ നിന്ന് റാപിഡ് പരിശോധന കൂടി നെഗറ്റീവായാൽ യാത്രയ്ക്ക് മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് ഷാർജയിൽ സ്കൂൾ ജീവനക്കാരനായ അബ്ദുൽ സലാം പറഞ്ഞു. രാവിലെ 10.30ന് പുറപ്പെട്ട വിമാനത്തിലാണ് ഇദ്ദേഹം യുഎഇയിലേയ്ക്ക് വരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.