ഓടിക്കൊണ്ടിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ അസാധാരണമായ 'സ്നേഹ പ്രകടനം' നടത്തിയ ബീഹാറിലെ യുവദമ്പതിമാര്‍ക്ക് നാട്ടുകാരില്‍ നിന്ന് സദാചാര പോലീസിംഗ് നേരിടേണ്ടി വന്നു. ദമ്പതിമാര്‍ ഓടിക്കൊണ്ടിരിക്കുന്ന അവരുടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഇരുന്നാണ് അവരുടെ സ്നേഹപ്രകടനങ്ങള്‍ ആരംഭിച്ചത്. പൊതുസ്ഥലത്ത് 'അനുചിതമായ രീതിയില്‍' സ്നേഹ പ്രകടനത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ഇത് കാണുകയും അവരെ തടയുകയും ചെയ്തു. ഇത് കണ്ട ചില പ്രദേശവാസികള്‍ യുവ ദമ്പതികള്‍ക്ക് നേരെ തിരിഞ്ഞു. അവര്‍ക്കുനേരെ അവര്‍ അധിക്ഷേപം ചൊരിയുകയും മുഴുവന്‍ സംഭവങ്ങളും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
ബീഹാറില്‍ നാട്ടിന്‍പുറങ്ങളിലൂടെ സഞ്ചരിക്കുന്ന യുവദമ്പതിമാരാണ് ഇതിലെ കഥാപാത്രങ്ങള്‍. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന പങ്കാളിയുടെ മടിയിലിരുന്ന് രണ്ടുപേരും പരസ്പരം അഭിമുഖമായി ഇരുന്ന് സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത് നമുക്ക് വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ പ്രകോപിതരാകുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അവരുടെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ചില ആള്‍ക്കാരാണ് ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയും അത് ക്യാമറയില്‍ ചിത്രീകരിക്കാന്‍ തുടങ്ങുകയും ചെയ്തത്. അല്പ സമയത്തിന് ശേഷം, തങ്ങളുടെ പ്രവര്‍ത്തികള്‍ എല്ലാം തന്നെ പിന്നിലെ യാത്രക്കാര്‍ ചിത്രീകരിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി അവരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവര്‍ യാത്രക്കാരോട് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും, ഗ്രാമീണര്‍ ഇരുവരെയും വെറുതെ വിടാന്‍ തയ്യാറായില്ല. അവര്‍ ദമ്പതികളുടെ ബൈക്ക് തടഞ്ഞ് അവരുടെ പൊതുസ്ഥലത്തുവച്ചുള്ള അസഭ്യമായ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയും അതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. പ്രകോപിതരായ പ്രദേശവാസികളെ കണ്ട് ഭയന്ന ദമ്പതികള്‍ ഒടുവില്‍ വഴിക്ക് വരിക തന്നെ ചെയ്തു. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും ഇനി മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയില്ലെന്നും അവര്‍ ആണയിട്ടു പറഞ്ഞു. മാത്രവുമല്ല ഇനി മേലില്‍ ഈ ഗ്രാമത്തിലേക്ക് വരിക പോലും ചെയ്യില്ലയെന്ന് പറഞ്ഞ് അവരുടെ മുമ്പില്‍ അപേക്ഷിക്കുന്നതും നമുക്ക് ദൃശ്യങ്ങളില്‍ കാണാം. ഒരു വൃദ്ധനായ മനുഷ്യന് അവരുടെ അമാന്യമായ പ്രവൃത്തിയെക്കുറിച്ച് വിമര്ശിക്കുന്നതോടുകൂടിയാണ് പ്രസ്തുത വീഡിയോ അവസാനിക്കുന്നത്.
ബീഹാറില്‍ എവിടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമല്ല, എന്നിരുന്നാലും, വീഡിയോയിലുള്ളയാള്‍ താന്‍ ഗയ ജില്ലക്കാരനാണെന്ന് പ്രദേശവാസികളോട് പറയുന്നതു കേള്‍ക്കാം.
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഈ പ്രദേശവാസികളെ 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' എന്നു വിശേഷിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രദേശവാസികളെ ''ആന്റി-റോമിയോ സ്ക്വാഡ്'' എന്ന് വിളിച്ചു.
അതേസമയം മറ്റൊരു കൂട്ടം ആളുകള്‍ ദമ്പതികളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്നുണ്ട് . എന്നാല്‍ പെണ്‍കുട്ടിയെ ആരെങ്കിലും പീഡിപ്പിച്ചിരുന്നെങ്കില്‍ ഇതേ ആളുകള്‍ കണ്ണടച്ചിരിക്കുമായിരുന്നുവെന്ന് ഒരു ഉപയോക്താവ് പറയുകയും ഗ്രാമീണരുടെ പെരുമാറ്റം എല്ലാ അതിര്‍വരമ്പുകളും കടന്നുള്ളതാണെന്നും ആരോപിക്കുകയും ചെയ്യുന്നു.
'ഈ യുവദമ്പതികള്‍ കാണിക്കുന്നത് തികച്ചും മണ്ടത്തരമാണ്, ഒപ്പം തന്നെ ഇത് ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണ്,' മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
2015 -ല്‍ സമാനമായ സംഭവത്തില്‍ കമിതാക്കളെ അവരുടെ ബൈക്കില്‍വച്ച് കൈയ്യോടെ പിടികൂടിയിരുന്നു. മധ്യപ്രദേശില്‍ നിന്ന് ഗോവയിലേക്ക് വന്ന ദമ്പതികള്‍ തിരക്കേറിയ സ്ഥലത്ത് മോട്ടോര്‍ സൈക്കിളില്‍ വച്ച് സമാനമായ രീതിയില്‍ പെരുമാറിയിരുന്നു. പിന്നില്‍നിന്നുള്ള യാത്രക്കാരില്‍ ഒരാള്‍ ഇത് ചിത്രീകരിക്കുകയും അത് പിന്നീട് വൈറലാവുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗിന് ഗോവ പോലീസ് കമിതാക്കളെ കണ്ടെത്തി 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു.