പോലീസ് ആക്ട് 118 നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പ്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: പോലീസ് ആക്ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവില്‍വന്നശേഷം അത് നടപ്പാക്കില്ലന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളെയും രാഷ്ട്രീയവിമര്‍ശകരെയും നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നമാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കെ പി ആക്റ്റിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഭരണഘടനാപരമായിത്തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്. ഭേദഗതി നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് നിയമമായി നിലനില്‍ക്കുന്ന കാലത്തോളം പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശുമാത്രമാണ്.

സി പിഎം കേന്ദ്ര നേതൃത്വവും പ്രശാന്ത് ഭൂഷണേപ്പോലുള്ള നിയമവിദഗ്ധരും മാധ്യമ ലോകവും പൊതുസമൂഹവും ഈ നിയമത്തെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും അത് പിന്‍വലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതിയുടെ നിരവധി വിധികളുടെ അന്തസത്തക്കെതിരായി കൊണ്ടുവന്ന ഈ ഭേദഗതിക്ക് നിയമപരമായി യാതൊരു നിലനില്‍പ്പുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക