ചേരാനല്ലൂര്‍: പ്രണയം നടിച്ച് യുവാവിനെ കബളിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതിയും കൂട്ടാളിയും പിടിയില്‍. കൊല്ലം മയ്യനാടി സ്വദേശിനിയായ 24കാരി റിസ്വാന, പോണേക്കര സ്വദേശി 21കാരന് അല്‍ത്താഫ് എന്നിവരാണ് പോലീസ് പിടിയിലായത്.
ചേരാനല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇരുവരും. അല്‍ത്താഫിന് പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ പത്തൊന്‍പതുകാരനായി റിസ്വാന പരിചയത്തിലായി. തുടര്‍ന്ന് പ്രണയം നടിച്ച് കെണിയൊരുക്കി. വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പ്രലോഭിപ്പിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് നഗ്നനാക്കിയ ശേഷം ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്ത് കവര്‍ച്ച നടത്തുകയുമായിരുന്നു.
19കാരന് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങി. ഇവരില്‍ നിന്നു മാലയും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.