തിരുവനന്തപുരം: കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ തിരിച്ചയച്ചു. പരിശോധന ഫലത്തിൽ അപാകതയും അവ്യക്തും ഉണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. 32,122 കിറ്റുകളാണ് മടക്കി അയച്ചത്. പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷൻസിൽ നിന്ന് ഒരു ലക്ഷം ആന്റിജൻ കിറ്റുകളാണ് കേരള മെഡിക്കൽ സെർവിസസ് കോര്പറേഷൻ വാങ്ങിയത്. 4.59 കോടി രൂപയായിരുന്നു വില. കിറ്റിൽ 62858 കിറ്റുകൾ ഉപയോഗിച്ചു കഴിഞ്ഞു.
ആന്റിജൻ പരിശോധനക്കായുള്ള സ്ട്രിപ്പിൽ ഫലം വ്യക്തമാകാത്തതാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഫലം സ്ഥിരീകരിക്കാൻ വീണ്ടും മറ്റൊരു കിറ്റ് കൂടി ഉപയോഗിക്കേണ്ടി വരുന്നതായാണ് പരാതി. വിവിധ ജില്ലകളിലായി ഇത്തരത്തിൽ 5020 കിറ്റുകൾ അധികമായി ഉപയോഗിക്കേണ്ടി വന്നു. 1.47 കോടി രൂപയുടെ ആന്റിജൻ കിറ്റുകളാണ് മടക്കി അയയ്ക്കുന്നത്.
മറ്റ് കമ്പനികളുടെ കിറ്റുകൾ സ്റ്റോക്കുള്ളതിനാൽ പരിശോധന തടസപ്പെടില്ല. സംസ്ഥാനത്ത് എഴുപത് ശതമാനത്തിലേറെയും ആന്റിജൻ പരിശോധനയാണ് നടക്കുന്നത്. RTPCR പരിശോധന വർധിപ്പിക്കാൻ വിദഗ്ധ നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. അതേസമയം രണ്ടാഴ്ചക്കകം 10 ലക്ഷം കിറ്റുകൾ കൂടി വാങ്ങാൻ KMSCL നടപടി തുടങ്ങി.
RTPCR പരിശോധനയിൽ വ്യക്തത കുറവുണ്ടായാൽ മാറി മാറി ഉപയോഗിക്കാനായി വിവിധ കമ്പനികളുടെ കിറ്റുകൾ വാങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ഉപയോഗിച്ച കിറ്റുകളുടെ മുഴുവൻ തുകയും കമ്പനിക്ക് നല്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അതേ സമയം ഉപയോഗിച്ചവയുടെ മാത്രം തുക നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
അതായത് 62858 കിറ്റുകൾക്ക് 2.88 കോടി രൂപയാണ് നൽകേണ്ടി വരിക. ഇതിൽ 2.29 കോടി ഇതിനോടകം നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 59.04 ലക്ഷം കമ്പനിക്ക് നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രശ്നം കണ്ടെത്തിയ 5,020 കിറ്റുകൾക്ക് 23.05 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്.