ന്യൂഡൽഹി: കോവിഡിന്റെ സാഹചര്യത്തിൽ യാത്ര മുടങ്ങിയവരുടെ വിമാന ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യാനുള്ള സുപ്രീംകോടതി വിധി വന്നിട്ടും ഇക്കാര്യത്തിൽ വിമാനക്കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി. വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് സുപ്രീംകോടതി വിധി.
വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു ക്രെഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം.
2021 മാർച്ച് 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. കൂടാതെ, നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കിനൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു വിധി. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.