തിരുവനന്തപുരം: വിതുരയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. താജുദ്ധീൻ എന്നയാളുടെ വീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത് . താജുദ്ധീന്റെ സുഹൃത്തായ മീനാങ്കൽ സ്വദേശി മാധവന്റേതാണ്(ചെങ്കള മാധവൻ-46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയ ശേഷം താജുദ്ധീൻ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വാറ്റ് കേസുകളിലടക്കം പ്രതിയായ താജുദ്ധീന്റെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത് . വീട്ടിനുള്ളിൽ വാറ്റ് നടക്കുകയാണെന്ന് കരുതിയാണ് ഇവർ പോലീസിന് വിവരം നൽകിയത് . പോലീസെത്തി വീട് പരിശോധിച്ചപ്പോൾ ചാണകം മെഴുകിയ തറ പൊളിച്ച് കുഴിയെടുത്തതായി കാണുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് കൊലപാതകം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം . സമീപത്തെ മുറിയിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട് . കൊല്ലപ്പെട്ട മാധവനെ നാല് ദിവസം മുമ്പ് വീട്ടിൽനിന്ന് കാണാതായിരുന്നു . സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.