ബല്റാംപൂര്: കഷ്ടിച്ച് ഒരു കാറിന് ഞെരുങ്ങി മുന്നോട്ട് നീങ്ങാവുന്ന ഇടുങ്ങിയ വഴി. ചെന്നെത്തുന്നത് ആസ്ബസ്റ്റോസ് മേല്‍ക്കൂരയുളള സിമന്റ് പൂശാത്ത ചുമരും ചെളികൊണ്ട് മെഴുകിയ തറയുമുളള കുറേ ചെറിയ വീടുകള്‍ക്ക് സമീപത്തേക്കാണ്. വഴിയുടെ ഇരുവശവും ഉളള കുഞ്ഞുവീടുകളിലൊന്ന് 50,000ത്തിലേറെ വോട്ടുകള്‍ക്ക് എതിരാളിയെ തറപറ്റിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെയാണ്. ബല്റാംപൂര് മണ്ഡലത്തിലെ എം.എല്‍.എയും സി.പിഎെ എം.എല്‍(എല്‍) നേതാവുമായ മെഹ്ബൂബ് അലമിന്റെയാണത്.
വികാസ്ശീല് ഇന്സാന് പാര്‍ട്ടിയുടെ ബരുണ്‍ കുമാര്‍ ഛായെയാണ് വലിയ ഭൂരിപക്ഷത്തില്‍ മെഹ്ബൂബ് അലം പരാജയപ്പെടുത്തിയത്. വീടിന് മുന്നില്‍ പ്ളാസ്റ്റിക് കസേരകള്‍ നിരത്തിയിട്ടുണ്ട്. എം.എല്‍.എയെ കാണാനെത്തുന്നവര്‍ക്ക് ഇരിക്കാനാണിത്. പരിമിതമായ ചുറ്റുപാടില്‍ നിന്നും വിജയിച്ച ഈ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ ഇന്ത്യയാകെ അറിയപ്പെടുന്നുണ്ട്. സഹോദരിയുടെ കുട്ടിയെ മടിയിലുത്തി വീട്ടുമുറ്റത്ത് ഇരിക്കുന്ന മെഹ്ബൂബിന്റെ ചിത്രം ഇപ്പോള്‍ വളരെ ചര്‍ച്ചകള്‍ക്ക് വിധേയമായി കഴിഞ്ഞു.
ഇലക്ഷന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അതില്‍ നിന്ന് ലഭിച്ച അലമിന്റെ വിവരങ്ങള്‍ ഇങ്ങനെയാണ്. 64 വയസ്. നാലും ഒന്‍പതും വയസായ രണ്ട് കുട്ടികളുണ്ട്. അവര്‍ സര്‍ക്കാര്‍ സ്കൂളുകളിലാണ് പഠിക്കുന്നത്. ബാങ്കിലുളളത് 30,000 രൂപ മാത്രം. ഒന്‍പത് ലക്ഷം രൂപയുടെ ഭൂമി സ്വന്തമായുണ്ട്. ഒരു അപകടശേഷം ഉപയോഗ ശൂന്യമായ സ്കോര്‍പിയോ കാറും സ്വന്തമായുണ്ട്. ഇത് നാലാമത് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2015ലാണ് ഒടുവില്‍ വിജയിച്ചത്.
തന്റെ ജീവിതം ലളിതമാണെന്നും ഇത് കമ്മ്യൂണിസമല്ലെന്നും രാഷ്ട്രീയ ആദര്‍ശമാണെന്നും അലം മാദ്ധ്യമങ്ങളോട് പറയുന്നു.
അടിസ്ഥാന വര്‍ഗ തൊഴിലാളികളായ റെയില്‍വെ സ്റ്റേഷന് ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിവരുടെ രക്ഷയ്ക്കും വെളളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്കും ഭൂരിപക്ഷം വരുന്ന മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് പൗരത്വഭേദഗതി ബില്ല് കാരണമുളള ആശങ്കകള്‍ അകറ്റാനുമാകും ഇത്തവണ തന്റെ പ്രവര്‍ത്തനമെന്ന് അലം അറിയിച്ചു.
എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ അലമിന്റെ പൊതുപ്രവര്‍ത്തനം ഇപ്പോള്‍ പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ബര്‍സോയി മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാന്‍ പാലങ്ങള്‍,കര്‍ഷകര്‍ക്ക് ഭൂമിയിലെ ജോലിക്ക് പണം നല്‍കുക, ആശുപത്രികള്‍ നിര്‍മ്മിക്കുക എന്നിവയൊക്കെയാണ് താന്‍ നിയമസഭയില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ എന്ന് അലം പറയുന്നു.
ആകെ 12ഓളം സീറ്റുകളിലാണ് സി.പിഎെ എം.എല്‍(എല്‍) വിജയിച്ചത്. അലം ഒഴികെ മറ്റുളളവര്‍ ഭൂരിഭാഗവും യുവാക്കളാണ്. 33 വയസുകാരനായ സന്ദീപ് സൗരവ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയാണ്. ജെ.എന്‍.യു വിദ്യാര്ത്ഥിയൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. ആദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതും എതിരാളിയുടെ ഇരട്ടി വോട്ട് നേടി.