തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിഡ് രോഗികളുടെയും ക്വാറന്റീനില്‍ ഉള്ളവരുടെയും പട്ടിക തയാറാക്കുമെന്നും, പട്ടിക അനുസരിച്ചാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ് പ്രത്യേക പോളിങ് ഓഫീസറും ഒരു പ്രത്യേക പോളിങ് അസിസ്റ്റന്റും പോലീസുകാരനും അടങ്ങുന്ന സ്പെഷല്‍ പോളിങ് ടീം കോവിഡ് രോഗികളുടെ വീട്ടിലെത്തി ബാലറ്റ് കൈമാറും. ഇവരെ സ്പെഷ്യല്‍ വോട്ടറെന്നാണ് വിളിക്കുക.
വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പര്‍ കവറിലാക്കി നല്‍കണം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പ്പേറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നും പ്രത്യേക കവറുകളില്‍ സത്യവാങ്മൂലത്തിന് ഒപ്പം നല്‍കണം. ബാലറ്റ് പേപ്പര്‍ കൈമാറാന്‍ താത്പര്യമില്ലെങ്കില്‍ തപാല്‍ മാര്‍ഗം അയക്കാം. കോവിഡ് രോഗികള്‍ വൈകിട്ട് ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം. ആറിന് ക്യൂ ഉണ്ടെങ്കില്‍ അവരെല്ലാം വോട്ട് ചെയ്തതിന് ശേഷം മാത്രമേ കോവിഡ് രോഗിക്ക് വോട്ട് ചെയ്യാന്‍ സാധിക്കു. പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.