പാട്ന: കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അതായത് 2015ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം നടത്താനോ മികച്ച പ്രകടനം നടത്താനോ ഇടതുപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണ കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു. ഇടതുപക്ഷ പാർട്ടികൾ മത്സരിച്ച സീറ്റുകളിൽ ഇരുപതോളം എണ്ണത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കൈമാറിയ 29 നിയോജക മണ്ഡലങ്ങളിൽ സിപിഐ (എം-എൽ) 19 സീറ്റുകളിലും സിപിഐ, സിപിഎം പാർട്ടികൾ യഥാക്രമം ആറു വീതവും നാലു വീതവും സീറ്റുകളിലും മത്സരിച്ചു.
ആദ്യഘട്ട ഫലസൂചനകൾ പുറത്തു വരുമ്പോൾ സി പി ഐ എംഎൽ ലിബറേഷൻ 13 സീറ്റുകളിലും സി പി ഐ എമ്മും സി പി ഐയും മൂന്നുവീതം സീറ്റുകളിലുമാണ് മുന്നേറുന്നത്.
ആർ ജെ ഡി - കോൺഗ്രസ് സഖ്യവുമായി ചേർന്ന് മത്സരിക്കുന്ന സി പി ഐ, സി പി എം, സി പി ഐ (എംഎൽ) എന്നീ പാർട്ടികൾ അജിയോൺ. ആറാ, ആർവാൾ, ബൽറാംപുർ, ദരൗലി, ദാരാമുണ്ട, ദുംറാവോൻ, ഘോസി, കാറകട്, മഞ്ചി, മതിഹാനി, പാലിഗഞ്ച്, തരൈ, വാറിസ് നഗർ, സിരാഡെ, ബച്ച് വാര, ബക്രി എന്നീ സീറ്റുകളിലാണ് മുന്നേറുന്നത്.
ഒരുകാലത്ത് ബീഹാറിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷത്തിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2010ൽ സിപിഐക്ക് മാത്രമേ ഒരു സീറ്റ് നേടാനായുള്ളൂ, 2015ൽ സിപിഐ (എംഎൽ) മൂന്ന് സീറ്റുകൾ നേടി.