കോട്ടയം: തോക്ക് ശേഖരവുമായി അറസ്റ്റിലായ ആൾ ബിജെപിയുടെ ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി. അറസ്റ്റിലായി റിമാൻഡിൽ കഴിയുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത പ്രാദേശിക നേതാവ് കെ എൻ വിജയനാണ് പള്ളിക്കത്തോട് 12ാം വാർഡിൽ മത്സരിക്കുന്നത്. ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചു. വെൽഡിങ് കടയിൽ തോക്കിന്റെ ഭാഗങ്ങൾ വെൽഡ് ചെയ്യാൻ ഒരാൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിലാണ് ആയുധ ശേഖരുമായി വിജയൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. പത്തു തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പിടിയിലായവരുടെ വീടുകൾ റെയ്ഡ് നടത്തിയപ്പോഴാണ് വൻ ആയുധശേഖരം കണ്ടെത്തിയത്. തോക്കിന്റെ വിവിധ ഭാഗങ്ങൾ, വെടിയുണ്ടകൾ, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാൻ ഉപയോഗിക്കുന്ന കുഴൽ, പിടി തുടങ്ങിയവ പൊലിസ് പിടിച്ചെടുത്തിരുന്നു.കൊമ്പിലാക്കൽ ബിനേഷ്കുമാർ, രതീഷ് ചന്ദ്രൻ, ആനിക്കാട് രാജൻ, ആനിക്കാട് തട്ടാംപറമ്പിൽ മനേഷ്കുമാർ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികൾ.
ഇവർക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിർമ്മാണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.