പ്രചാരണത്തിന് സാക്ഷാൽ മോദിയെ തന്നെ കൊണ്ടുവരൂ , എത്ര സീറ്റ് കിട്ടുമെന്ന് നോക്കാം; വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി


ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എഐഎംഐഎം പ്രസിഡന്റ്  അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ യോഗം വിളിച്ചാല്‍ എത്രപേര്‍ ജയിക്കുമന്ന് നേരിട്ട് കാണാമെന്നും ഒവൈസി പരിഹസിച്ചു. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്.

"നിങ്ങള്‍ ഈ പഴയ പട്ടണത്തിലേക്ക് നരേന്ദ്രമോദിയെ വേണമെങ്കില്‍ കൊണ്ടുവന്ന് പ്രചാരണം നടത്തിക്കോളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഇവിടെ അദ്ദേഹത്തിന്റെ ഒരു യോഗം സംഘടിപ്പിക്കൂ. എന്നിട്ട് നമുക്ക് കാണാം നിങ്ങളിവിടെ എത്ര സീറ്റിൽ ജയിക്കുമെന്ന്", ഹൈദരാബാദില്‍ നടന്ന യോഗത്തില്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

"മുന്‍സിപ്പല്‍ ഇലക്ഷനാണ് നടക്കുന്നത്. അവര്‍ പക്ഷെ വികസനത്തെ കുറിച്ച് ഒന്നും സംസാരിക്കില്ല. ഹൈദരാബാദ് ഇന്ന് ഒരു വികസിത നഗരമാണ്. ഒരുപാട് ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടുണ്ട്. പക്ഷെ ഹൈദരാബാദ് എന്ന ബ്രാന്‍ഡ് നെയിമിനെ താഴ്ത്തിക്കെട്ടി ബിജെപിക്ക് ഇതെല്ലാം തകര്‍ക്കണം", ഒവൈസി കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ് നടത്തിയ പ്രസ്താവനക്കുള്ള മറുപടി കൂടിയയിരുന്നു ഒവൈസിയുടെ വാക്കുകൾ. ഹൈദരാബാദിലെ റോഹിംഗ്യകളെയും പാകിസ്താനികളെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തുരത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ് പറഞ്ഞിരുന്നു. കര്‍ണാടക ബിജെപി  എംപി തേജസ്വി സൂര്യ 'മോഡേണ്‍ മുഹമ്മദാലി ജിന്ന' എന്നാണ് ഒവൈസിയെ വിളിച്ചത്. ഹൈദരാബാദില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇരുവരും നടത്തിയത്. എന്നാല്‍ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അത് മോദിയുടെയും അമിത്ഷായുടെയും പരാജയമാണെന്നാണ് ഒവൈസി തിരിച്ചടിച്ചത്.

"അവര്‍ ഉറങ്ങിക്കിടന്നതുകൊണ്ടാണ് പാകിസ്താനികള്‍ ഇവിടേക്ക് കടന്നത്. ഞാന്‍ അവരെ എവിടെയും കണ്ടിട്ടില്ല. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഒരു വലിയ മതിലുകെട്ടണമെന്നാണവരുടെ ആഗ്രഹം", ഒവൈസി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക