'ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ഇവിടുത്തെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും': വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്


കൊൽക്കത്ത: ഗുണ്ടാരാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്നും ബിജെപി നേതാവ്. മമത ബാനർജിയെ തോൽപ്പിച്ച് ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ അതിശക്തമായ പ്രവർത്തനങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെയാണ് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

'പശ്ചിമബംഗാളിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് നോക്കുക. ബംഗാളിലെ ഗുണ്ടാ രാജ് തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പൊലീസുകാരെ ബിജെപി അധികാരത്തിൽ വരുമ്പോൾ അവരെക്കൊണ്ട് ബൂട്ട് നക്കിക്കും'- ദുർഗാപൂരിലെ റാലിക്കിടെ രാജു ബാനർജി പറഞ്ഞു.


പശ്ചിമബംഗാളിൽ ക്രമസമാധാനനില തകരാറിലായെന്ന ആരോപണത്തിനാണ് റാലികളിലും പാർട്ടി പരിപാടികളിലും ബിജെപി നേതാക്കൾ മുൻഗണന നൽകുന്നത്. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണെന്ന് നേരത്തെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ ആരോപണമുന്നയിച്ചിരുന്നു. ''പശ്ചിമബംഗാളിൽ വനിതാ മുഖ്യമന്ത്രിയാണുള്ളതെങ്കിലും സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷ ഏറ്റവും അപകടത്തിലാണ് ഇവിടെ. ക്രമസമാധാന നില ആകെ തകരാറിലായിരിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.


അതേസമയം, മറ്റു പാർട്ടിയിൽ നിന്നുള്ള നേതാക്കളേയും അണികളേയും ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവർത്തകർ ബിജെപിയിൽ അംഗമായെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ബംഗാൾ അധ്യക്ഷൻ ചിത്രങ്ങൾ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തു.


മറ്റു പാർട്ടികളിൽനിന്നും 500 പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റിൽ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആർഎസ്പി, പിഡിഎസ്, ഐഎൻടിയുസി എന്നീ സംഘടനയിൽ നിന്നുള്ള പ്രവർത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതിൽ 480പേരും സിപിഎമ്മിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക