വിവാദ പോലീസ് നിയമഭേദഗതി അസാധുവായി; റദ്ദുചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു


തിരുവനന്തപുരം: പോലീസ് നിയമഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. 

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനാണ് നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതിനായി പോലീസ് ആക്ട് ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കി. എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയായിരുന്നു ഭേദഗതി. ഇതോടെയാണ് ദേശീയതലത്തില്‍ വരെ എതിര്‍പ്പുയര്‍ന്നത്. ഇതോടെയാണ് ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനമായത്.

ഒരു പക്ഷെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും ഇത്. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നത്. അതും ഓര്‍ഡിനന്‍സുകളില്‍ ചരിത്രം. ഇത്രയും വേഗം മറ്റൊരു ഓര്‍ഡിനന്‍സിനും ചരമമടയേണ്ടിവന്നിട്ടില്ല. നിയമസഭ ചേരാത്തകാലത്താണ് ഓര്‍ഡിനന്‍സുകള്‍വഴി നിയമമുണ്ടാക്കുന്നത്. പിന്നീട് ഇത് നിയമസഭയില്‍ക്കൊണ്ടുവന്ന് നിയമമാക്കണം. എന്നാല്‍, സഭ നിയമമാക്കാത്തതിനാല്‍ പല ഓര്‍ഡിനന്‍സുകള്‍ക്കും സാധുത നഷ്ടപ്പെട്ടിട്ടുമുണ്ട്.

നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് മുമ്പ് ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണകാലത്ത് 1966-ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വൈദ്യുതിമേഖലാ ജീവനക്കാരുടെയും സമരം അടിച്ചമര്‍ത്താന്‍ കേരള അവശ്യസേവന പരിപാലന ഓര്‍ഡിനന്‍സ് (എസ്മ) നിലവില്‍ വന്നിരുന്നു. ഈ ഓര്‍ഡിനന്‍സ് 1967 ഡിസംബറില്‍ കെ.ആര്‍. ഗൗരിയമ്മ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് റദ്ദാക്കി. ആ ഓര്‍ഡിനന്‍സിന് 45 ദിവസംകൂടിയേ കാലാവധിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനുമുമ്പുതന്നെ ഓര്‍ഡിന്‍സ് റദ്ദാക്കണമെന്ന രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക