പാറശാല: എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തിൽ എൻ.ചന്ദ്രശേഖരൻ നായർ (64) ആണു മരിച്ചത്. വീടിനു മുന്നിലെ കട മുറിയുടെ ചുമർ വൃത്തിയാക്കുന്നതിനിടയിൽ ആണ് ഷോക്കേറ്റത്. ചന്ദ്രശേഖരൻ നായർ വീണു കിടക്കുന്നതു കണ്ട് എഴുന്നേൽപിക്കാൻ ശ്രമിച്ച ഭാര്യയ്ക്കും ഷോക്കേറ്റു.
തുടർന്ന്, നാട്ടുകാർ എത്തി കടയിലെ മീറ്റർ ബോർഡിലെ ഫ്യൂസ് മാറ്റിയ. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും മരിച്ചിരുന്നു. എർത്ത് കമ്പിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ സുനിത. മക്കൾ സന്തോഷ്, സ്വാതി.