യുഎഇയിൽ കോഴിക്കോട് സ്വദേശികളായ പ്രവാസിയും 17 കാരി മകളും കടലിൽ വീണ് മരിച്ചു, ദാരുണ സംഭവം ഭാര്യയും മറ്റ് രണ്ടു മക്കളും നോക്കിനിൽക്കെ


ഷാർജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ (47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ (17) എന്നിവരാണ് മുങ്ങിമരിച്ചത്.

ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തെയും കൂട്ടി ഇസ്മായിൽ കടലിൽ കുളിക്കാൻ പോയതായിരുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാൽ കടലിൽ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകൾ അമൽ ശക്തമായ കടൽച്ചുഴിയിൽപെട്ടു, പിന്നാലെ മകളെ രക്ഷിക്കാൻപോയ ഇസ്മായിലും അപകടത്തിൽ പെടുകയായിരുന്നു.

ഉടൻ പോലീസും പാരാമെഡിക്കൽ സംഘവുമെത്തി ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കരയിൽനിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകി പിന്നീട് അവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.

14 വർഷമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (ആർ.ടി.എ.) അതോറിറ്റിയിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായിൽ. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആർ.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങൾ.

നഫീസ അജ്മാൻ അൽസാദ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു, ഇപ്പോൾ കോഴിക്കോട് എകരൂൽ സ്കൂളിലെ അധ്യാപികയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക