ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം; സിബിഐ അന്വേഷണം പ്രഹസനമെന്ന് കുടുംബം


കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം പ്രഹസനമെന്ന് കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐ
ആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ ഓട്ടോപ്സി റിപ്പോർട്ട് വന്നതോടെ വെട്ടിലായി. തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ നിയമപോരാട്ടത്തിലാണ് കുടുംബം.

2010 ഫെബ്രുവരി 15നാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുള്ള മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

എറണാകുളും സിജെഎം കോടതിയിൽ ആത്മഹത്യയാണെന്ന് രണ്ട് തവണ സിബിഐ നൽകിയ റിപ്പോർട്ടുകളും കോടതി തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടു. സൈക്കോളജി ഓട്ടോപ്സി അഥവാ അടുത്ത പരിചയമുള്ളവരുമായി സംസാരിച്ച് മരിച്ചയാളുട മനോനില മനസ്സിലാക്കുന്ന രീതി ഉപയോഗിക്കാൻ കോടതി നിർദ്ദേശിച്ചു.

പുതുച്ചേരി ജിപ്മറിലെ മനോവിദഗ്ധർ അന്വേഷണം നടത്തി കഴിഞ്ഞ നവംബർ ഏഴിന് സിബിഐക്ക് റിപ്പോർട്ട് നൽകി. സിബിഐയുടെ മുൻവാദങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ജിപ്മർ റിപ്പോർട്ട്. സിഎം അബ്ദുള്ള മൗലവി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആത്മഹത്യചെയ്യുന്നവരിൽ മരണദിവസം പ്രകടമാവുന്ന മാനസികാവസ്ഥ മൗലവിക്കുണ്ടായിട്ടില്ല. ആത്മഹത്യക്ക് മുൻപുള്ള മനശ്ശാസ്ത്രപരമായ മുന്നറിയിപ്പുകളുണ്ടായിരുന്നില്ല, മരണം സംഭവിച്ച വർഷങ്ങൾ പിന്നിട്ടിട്ടും ആത്മഹത്യക്ക് കാരണമായ ഒന്നും സിബിഐക്ക് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ മലക്കം മറിഞ്ഞ സിബിഐ ആത്മഹത്യയല്ലെന്നും കൊലപാതകമാണോ എന്നതിന് തെളിവില്ലെന്നും കാട്ടി കേസ് അവസാനിപ്പിക്കണമെന്നാവശ്യെപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. എഫ്ഐആർ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസ് ഡിസംബർ നാലിന് വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക