'ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും': പെലെ


"ഏറെ വിഷമകരമായ വാർത്ത, എനിക്ക് എന്റെ അടുത്ത സുഹൃത്തിനേയും ലോകത്തിന് ഒരു ഇതിഹാസത്തേയും നഷ്ടമായിരിക്കുന്നു. ഇനിയും ഒരുപാട് പറയാനുണ്ട്. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്തു നൽകട്ടെ. ഒരിക്കൽ, ആകാശത്ത് നമ്മൾ ഒരുമിച്ച് കാൽപന്തു കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു".
ഡീഗോ മറഡോണയുടെ മരണ വാർത്ത പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിൽ പെലെ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണിത്. ലോകം ആരാധനയോടെ ഉറ്റുനോക്കിയ ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങൾ. ഏറ്റവും കുറഞ്ഞ വാക്കിൽ വേദന ഉള്ളിലൊതുക്കി പെലെ ഡീഗോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.


കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഡീഗോ മറഡോണ(60) അന്തരിച്ചത്. കഴിഞ്ഞ മാസമായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൽ ലോകം ആഘോഷിച്ചത്. ഇതിന് പിന്നാലെ രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഡീഗോ അർമാൻഡോ മറഡോണ 1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിട്ടു.


ഫുട്ബോൾ ലോകത്തെ പ്രമുഖരെല്ലാം മറഡോണയുടെ വേർപാടിൽ വേദനയും ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്. 'ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡീഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഈ നിമിഷം ഞാൻ ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു'- മെസിയുടെ വാക്കുകൾ.


'എന്റെ സുഹൃത്തിനും ലോകം ശാശ്വതനായ ഒരു പ്രതിഭയ്ക്കും അന്ത്യയാത്ര പറയുകയാണ്. ഒരുപാട് നേരത്തേ നിങ്ങൾ യാത്ര പറഞ്ഞു, പക്ഷേ, താങ്കൾ സൃഷ്ടിച്ച മാന്ത്രികതയും ഇതിഹാസവും ഒരിക്കലും മാഞ്ഞു പോകില്ല' . ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക