തിരുവനന്തപുരം: കിഫ്ബി വിവാദം കേരളത്തിന്റെ വികസനത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരായ വ്യാജകഥളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവര്‍ നാടിനും നാട്ടുകാര്‍ക്കും എതിരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങി കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് എതിര്‍പ്പ് ഉയര്‍ത്തി എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ നാട്ടിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ല. നാടിനുവേണ്ടിയുള്ള പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. അതിനെ തകര്‍ക്കാന്‍ ഏത് ശക്തിവന്നാലും വഴങ്ങിക്കൊടുക്കില്ല.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജിയും ശ്രമിക്കുകയാണ്. സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാവാറില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുക വഴി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി ഇടത് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതല്ല. ഇതുവരെ മൂന്നു വട്ടം കിഫ്ബി ധനസമാഹരണം നടത്തിയിരുന്നു. രണ്ട് തവണയും യുഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.