വീട്ടിനുള്ളിൽ വെച്ച് ഉറുമ്പ് കൂടിന് തീയിടുന്നതിനിടെ വസ്ത്രത്തിലേക്ക് തീപടര്‍ന്ന് യുവതി മരിച്ചു


ചെന്നൈ: ഉറുമ്പ് കൂടിന് തീയിടാനുള്ള ശ്രമം യുവതിയുടെ ജീവനെടുത്തു. ചെന്നൈയിലെ അംജിക്കരയിലെ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം. ഉറുമ്പ് കൂടിന് തീയിടുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് 90 ശതമാനം പൊള്ളലേറ്റ എസ്. സംഗീത (27) ആണ് മരിച്ചത്. ഷൊലിംഗനല്ലൂരിലെ ഒരു ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു സംഗീത. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മരിച്ചത്. ഡ്രൈവറായ പിതാവിന്‍െ്‌റ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സംഗീത.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്ത് വരികയായിരുന്നു സംഗീത. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച തന്റെ മുറിയില്‍ ഉറുമ്പ് കൂട് കണ്ടതിനെ തുടര്‍ന്ന് അത് തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സംഗീതയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. തീ പടര്‍ന്ന് തുടങ്ങിയതോടെ ഉറുമ്പുകള്‍ പല വഴിക്ക് ചിതറി, കുറച്ച് ഉറുമ്പുകള്‍ സംഗീതയുടെ കാലിലേക്കും കയറി. ഇവയെ തൂത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മണ്ണെണ്ണ ബോട്ടില്‍ മറിഞ്ഞ് വസ്ത്രത്തില്‍ മണ്ണെണ്ണ പടരുകയും പിന്നാലെ തീ വ്യാപിക്കുകയുമായിരുന്നു.

ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തുടര്‍ന്ന് സംഗീതയെ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സംഗീതയുടെ അമ്മയ്ക്കും ചെറിയ തോതില്‍ പൊള്ളലേറ്റു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക