ന്യൂഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കേസ് ചുമത്തപ്പെട്ട മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഡൽഹി സെഷൻസ് കോടതി മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു.എ.പി.എ) നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, കുറ്റകൃത്യം നടക്കുമ്പോള്‍ ഹാജരുണ്ടാവല്, രാജ്യദ്രോഹം, കലാപം എന്നിവ ഉള്‍പ്പെടെ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവ. യു.എ.പി.എയിയെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍), 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം), 18 (ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് 930 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് ചുമത്തിയ കേസില്‍ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഫെബ്രുവരി 24 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേര് കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.