തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ എ.എസ്.ഐക്കെതിരെ നടപടി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലെ എസ്.ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. പൊലീസുകാരൻ അപമര്യാദയായി പെരുമാറുന്ന വീഡിയോ വൈറലായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഐജി ഉത്തരവിട്ടു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിപ്പോഴാണ് സുദേവനോട് നെയ്യാർ ഡാം പൊലീസിന്റെ മോശം പെരുമാറ്റം. കഴിഞ്ഞ ഞായറാഴ്ചയാണ് സുദേവൻ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയിട്ടും കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും പരാതിയുമായി സ്റ്റേഷനിലെത്തിയത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാർ സുദേവനോട് മോശമായി പെരുമാറി.
ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഐ.ജി ഹർഷിത അട്ടല്ലൂരി തന്നെ വിഷയത്തിൽ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ ബറ്റാലിയനിലേയ്ക്കാണ് അടിയന്തരമായി സ്ഥലം മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡി.ഐ.ജിയെയും ചുമതലപ്പെടുത്തി.