ഇസ്ലാമാബാദ്: ദീപാവലി ദിനത്തിൽ രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ട്വിറ്ററിൽ ലളിതമായ സന്ദേശത്തിലൂടെയാണ് ഖാൻ ആശംസകൾ അറിയിച്ചിരിക്കുന്നത്.
'എല്ലാ ഹിന്ദു പൗരന്മാർക്കും ദീപാവലി ആശംസകൾ'- ഇമ്രാൻഖാൻ ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാനിലെ ഹിന്ദുക്കളും ദീപാവലി ആഘോഷത്തിലാണ്. വീടുകളും ക്ഷേത്രങ്ങളും വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ചും മറ്റുമാണ് ആഘോഷം.
ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉത്സവം ആഘോഷിക്കുന്നതിനായി ഹിന്ദു സമൂഹം രാത്രിയിൽ മൺ വിളക്കുകൾ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
കറാച്ചി, ലാഹോർ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവ കൂടാതെ മാത്യാരി, ടാൻഡോ അലഹ്യാർ, തണ്ടോ മുഹമ്മദ് ഖാൻ, ജംഷോറോ, ബാഡിൻ, സംഘർ, ഹാല, തണ്ടോ ആദം, ഷഹാദ്പൂർ എന്നിവിടങ്ങളിലും ദീപാവലി ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നുണ്ട്. എന്നാൽ 90 ലക്ഷത്തിലധികം ഹിന്ദുക്കൾ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് ഹിന്ദു സമൂഹം പറയുന്നത്.
പാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദു ക്കളും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. അവിടെ അവർ മുസ്ലീങ്ങളുമായി സംസ്കാരം, പാരമ്പര്യങ്ങൾ, ഭാഷ എന്നിവ പങ്കിടുന്നു.