തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണം ഉന്നയിച്ച് ബിജു രമേശ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്ന് അറിയിച്ചാണ് മുന്‍മന്ത്രി കെ ബാബു തന്നോട് പണം ആവശ്യപ്പെട്ടതെന്ന് ബിജു രമേശ് ആരോപിച്ചു. പാര്‍ട്ടി ഫണ്ടിലേക്കായി ഓരോ തവണയും ലക്ഷങ്ങളാണ് ബാബു ചോദിച്ചുവാങ്ങിയത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് ബാബു തന്നോട് പറഞ്ഞിരുന്നതെന്നും ബിജു രമേശ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം തന്റെ സഹായികള്‍ കുറച്ചുപണം കെ.പി.സി.സി ഓഫീസിലെത്തിച്ചിരുന്നു. 25 ലക്ഷം ശിവകുമാറിനും നല്കി. 50 ലക്ഷം കെ ബാബുവിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസിലും എത്തിച്ചു നല്കി. എന്നാല്‍ മൊഴി നല്കാനെത്തിയപ്പോള് ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെ തമാശ ചോദ്യങ്ങളാണ് വിജിലന്‍സ് ചോദിച്ചതെന്നും ബിജു രമേശ് ആരോപിച്ചു. കേസിന്റെ സമയത്ത് താന്‍ രഹസ്യ മൊഴി കൊടുക്കാനിരിക്കേ ചെന്നിത്തലയുടെ ഭാര്യ ഗണ്‍മാന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചു. 'ചേട്ടനെ വിഷമിപ്പിക്കരുതെന്ന്' ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രി അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല. രാവിലെ ഭക്ഷണം കഴിക്കാതെയാണ് ഇറങ്ങിപ്പോയതെന്നും അസുഖമുള്ളയാളാണെന്നും വളരെ ദയനീയമായി പറഞ്ഞു. ഇതോടെ താന്‍ ചെന്നിത്തലയെ ബുദ്ധിമുട്ടിക്കില്ലെന്ന് വാക്കുകൊടുത്തു.
പിറ്റേന്ന് രമേശ് ചെന്നിത്തല സുഹൃത്തിന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ച് വിഷമിപ്പിക്കരുതെന്ന് പറഞ്ഞു. അച്ഛനുമായുള്ള അടുപ്പമൊക്കെ പറഞ്ഞു. ചെന്നിത്തലയുമായി നല്ല അടുപ്പം തനിക്കുണ്ട്. അദ്ദേഹം യുവജന നേതാവ് ആയിരുന്ന സമയത്ത് ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഉപയോഗിച്ചിരുന്നത് തന്റെ വാഹനമാണ്. രമേശ് തിരുത്തല്‍വാദി ഗ്രൂപ്പ് ഉണ്ടാക്കിയതോടെയാണ് തന്റെ വാഹനം നല്‍കാതായത്. എങ്കിലും അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. മൊഴി കൊടുക്കില്ലെന്ന് താന്‍ ഉറപ്പുകൊടുത്തു. ഈ സമയം ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
അടുത്തകാലത്തും ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. വര്‍ക്കലയിലുള്ള അഭിഭാഷകന്റെ മകന് മനു പുഷ്പാംഗധന് വഴിയാണ് തന്നെ ബന്ധപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മനു. ചെന്നിത്തലയ്ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. വിജിലന്‍സ് അന്വേഷിച്ചാല്‍ ചെന്നിത്തലയ്ക്കെതിരായ അന്വേഷണവും പ്രഹസനമാകുമെന്നും ബിജു രമേശ് പറഞ്ഞു.
രമേശ് ചെന്നിത്തല തന്നില്‍ നിന്ന് ഒരു കോടി രൂപയും താനറിയാതെ മറ്റ് ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപയും വാങ്ങിയെന്നും അടുത്തകാലത്ത് ബിജു രമേശ് ആരോപിച്ചിരുന്നു. ഇക്കാര്യം എന്തുകൊണ്ട് രഹസ്യമൊഴിയില്‍ നല്‍കിയില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയ്ക്ക് എതിരായ വെളിപ്പെടുത്തലുകള്‍ ആരോപണങ്ങള്‍ ആയി മാത്രം നിര്‍ത്തുമ്പോള്‍ ജോസ്.കെ മാണിക്കെതിരായ ആരോപണത്തില്‍ തെളിവുണ്ടെന്നും ബിജു രമേശ് പറയുന്നു. കെ.എം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ ജോസ്.കെ മാണി തനിക്ക് പണം വാഗ്ദാനം ചെയ്ത് വിളിച്ചതിന്റെ റെക്കോര്‍ഡിംഗ് വിജിലന്‍സിന് നല്‍കിയെങ്കിലും അവര്‍ അത് അന്വേഷിച്ചില്ലെന്നും ബിജു രമേശ് ആരോപിച്ചു.
വിജിലന്‍സ് അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.