കണിച്ചുകുളങ്ങര: ചേർത്തലയിൽ തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. ഭർത്താവിന് ഗുരുതര പരുക്ക്.
ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്. അനന്തുവിനും (22) ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ കൊച്ചിയിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.