ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം: സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി- ഉമ്മന്‍ ചാണ്ടി


കോട്ടയം: പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണ്. അറസ്റ്റ് ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇബ്രാഹിം കുഞ്ഞ് നിര്‍മ്മാണ കരാര്‍ കമ്പനിക്ക് ഫണ്ട് അഡ്വാന്‍സ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. താഴേത്തട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പാസാക്കി അയച്ച ഫയലില്‍ മന്ത്രി ഒപ്പുവച്ചതാണ് കുറ്റമെങ്കില്‍ അത് എത്രയോ കാലമായി നടക്കുന്ന രീതിയാണ്. ഈ സര്‍ക്കാരിന്റെ കാലത്തും ഫണ്ട് അഡ്വാന്‍സ് നടക്കുന്നുണ്ട്. മാത്രമല്ല, മാനദണ്ഡങ്ങള്‍ പാലിച്ച് പലിശ് ഈടാക്കിയാണ് ഫണ്ട് അഡ്വാന്‍സ് ചെയ്തത്.

നിര്‍മ്മാണ പാളിച്ചയുണ്ടായിയെന്ന് കമ്പനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ അതേ കമ്പനിക്ക് കരാറുകള്‍ നല്‍കുന്നു. പരാതിയുണ്ടെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയാണ് വേണ്ടത്. ഇതേ കമ്പനിക്ക് തിരുവനന്തപുരത്ത് മാത്രം ആയിരം കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

പാലാരിവട്ടം പാലത്തിന്റെ 70% നിര്‍മ്മാണമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. അവസാന 30% ജോലികളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. പാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമായാണ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി എടുത്തുകാണിച്ചത്. പാലത്തിന്റെ ടാറിംഗും കോണ്‍ക്രീറ്റും ഇളകിയെന്നാണ് ആക്ഷേപം. അത് നടത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്.

പാലത്തില്‍ സുരക്ഷ പരിശോധന നടത്തിയ ചെന്നൈ ഐഐടി റോഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാണ് സര്‍ക്കാര്‍ സുരക്ഷ പരിശോധന ഒഴിവാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക