തിരുവനന്തപുരം: ഇഡിക്കെതിരേ ധനമന്ത്രി തോമസ് ഐസക്ക്. കെ ഫോണ്‍, ലൈഫ്മിഷന്, ഇ- മൊബിലിറ്റി പദ്ധതികള്‍ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്ന് ഐസക്ക് കുറ്റപ്പെടുത്തി.
വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നു. കിഫ്ബിക്കെതിരേ ബിജെപിക്കാര്‍ നല്കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചു.
"കിഫ്ബിക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ കോണ്‍ഗ്രസ്സും ബിജെപിയും നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഹൈക്കോടതിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് രഞ്ജിത്ത് കാര്ത്തികേയൻ ഹർജി നൽകിയിട്ടുണ്ട് . ബിജപിക്കാരന്‍ നല്കിയ ഹര്‍ജിയുടെ വക്കാലത്ത് എടുത്തതാവട്ടെ കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടനും", തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കേസുയര്‍ത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇതിന് മറുപടി നല്‍കിയേ തീരൂവെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.