കോവിഡ് പോസിറ്റീവ് ആണെങ്കിലും നേരിട്ടെത്തി വോട്ട് ചെയ്യാം; ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം


തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആണെങ്കിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. കോവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ സാധിക്കുന്നവിധം ഓർഡിനൻസ് പുറത്തിറക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുൻപോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റെെൻ) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്‌ടിലും കേരള മുനിസിപ്പാലിറ്റി ആക്‌ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.

നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. പോളിങ്ങിന്റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു.

ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്റെെൻ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന് മൂന്ന് ദിവസം മുൻപോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാത്രമല്ല, പോസ്റ്റല്‍ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുൻപ് മുദ്രചെയ്ത് നല്‍കുകയും വേണം. തിരഞ്ഞെടുപ്പ് ദിവസമോ അതിനു രണ്ടു ദിവസം മുൻപോ രോഗബാധിതരാകുന്നവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെടുന്നവർക്കും ഇതുകാരണം വോട്ടു ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കും നേരിട്ട് വോട്ടുചെയ്യാന്‍ നിയമം ഭേദഗതി ചെയ്യുന്നത്.

കോവിഡ്-19 ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദേശം തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് നല്‍കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാർക്കും പ്രത്യേക സംരക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കി നല്‍കണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക