ആലപ്പുഴ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസ്. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്.
സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് പൊലീസ് നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ പ്രധാനപ്പെട്ട ക്രൈസ്തവ ആരാധന കേന്ദ്രമായ കൃപാസനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ആലപ്പുഴ എസ് പിക്ക് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്. കൃപാസനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല, ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.
തുടര്‍ന്ന് എസ് പി മാരാരിക്കുളം സ്റ്റേഷനിലേക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് പരിശോധന നടത്തുകയായിരുന്നു. 50 ലധികം ആളുകള്‍ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി.