ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ടു മറിഞ്ഞ കാറില്‍ നിന്നും എട്ടു കിലോ കഞ്ചാവ് പിടികൂടി. മൂന്നു പേര് അറസ്റ്റില്‍. അടൂര്‍ പഴകുളം സ്വദേശികളായ പൊന്മന കിഴക്കേതില്‍ ഷൈജു(ലൈജു-25), ഫൈസല്‍(18), തിരുവനന്തപുരം നെടുമങ്ങാട് പറമ്പുവാരത്ത് വീട്ടില്‍ മഹേഷ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും മഹേഷ് വീട്ടില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ കേസിലും പ്രതിയാണ്.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ എം.സി റോഡില്‍ മുളക്കുഴ പള്ളിപ്പടിയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. സമീപവാസികളും യാത്രക്കാരും ചേര്‍ന്ന് യുവാക്കളെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ നാട്ടുകാരാണ് പൊതികള്‍ കണ്ടത്.
നിസാര പരുക്കേറ്റ ഇവരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ യുവാക്കള്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിതടയുകയും പോലീസില്വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സി.ഐ: ജോസ്മാത്യു, എസ്.ഐ: എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു കിലോയോളം വരുന്ന കഞ്ചാവ് മുളക്കുഴ കോവിഡ് സെക്ടറല്‍ മജിസ്ട്രേറ്റ് ലൈജു മാണിയുടെ സാന്നിധ്യത്തലാണ് കണ്ടെടുത്തത്.
എസ്.ഐ: പ്രദീപ്ലാല്‍, എ.എസ്.ഐ: അജിത്ഖാന്‍, ബാലകൃഷ്ണന്, സി.പി.ഒമാരായ ശ്രീകുമാര്‍, അജീഷ് കരീം, അതുല്‍, അനീഷ്, സിജു, സുന്ദര്‍ലാല്‍, ജയേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.