സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരുവിഭാഗം അഭിഭാഷകര്‍


ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്ത്. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ്‌ല, മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ് ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ സുപ്രീം കോടതിക്ക് പുറത്ത് സംഘടിച്ച് കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് എച്ച്.എസ് ഫൂല്‍ക്ക മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളാണെന്ന് ആരോപിക്കുന്നത് തികച്ചും നിരുത്തരവാദപരമാണ്. സാധാരണ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പലരും തന്റെ ഗ്രാമത്തില്‍തന്നെ ഉള്ളവരാണ്. ഹരിയാണ സര്‍ക്കാര്‍ കര്‍ഷകരെ നേരിട്ടരീതി തെറ്റാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഭിഭാഷകനായ രാജീവ് ഖോസ്‌ല ആരോപിച്ചു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ബാര്‍ കൗണ്‍സിലിന്റെ യോഗം ഡിസംബര്‍ നാലിന് ചേരും. സര്‍ക്കാര്‍ നീതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നീതി നല്‍കുന്നത്. കൃഷിഭൂമി അധികാരമുള്ളവരുടെ കൈവശമാകും. നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനാവും തങ്ങള്‍ ആദ്യ പരിഗണന നല്‍കുക. ഉരുളക്കിഴങ്ങ്, സവാള എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍നിന്ന് നീക്കിയിരിക്കുകയാണ്. സാധാരണക്കാര്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. 200 രൂപയ്ക്ക് ഒരു കിലോ സവാള വാങ്ങേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ല. അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം നടത്തുന്നകാര്യം ഡിസംബര്‍ നാലിന് ചേരുന്ന ബാര്‍ കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് പിന്തുണയുമായി അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. പഞ്ചാബില്‍നിന്നും ഹരിയാണയില്‍ നിന്നുമുള്ള കര്‍ഷകരാണ് 'ഡല്‍ഹി ചലോ' മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ അധികവും. പഞ്ചാബ് - ഹരിയാണ അതിര്‍ത്തിയില്‍വച്ച് പഞ്ചാബ് പോലീസ് അവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക