കൊവിഡ്മുക്തി നേടിയവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍, വൈദ്യശാസ്ത്രം ആശങ്കയില്‍: ഭീതിവേണ്ട ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്- ആരോഗ്യമന്ത്രി കെകെ ശൈലജ


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി കൈവരിച്ച ചിലരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ വൈദ്യശാസ്ത്രം ആശങ്കയിലാണ്. ഇങ്ങനെ കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെട്ട രോഗങ്ങളെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമായി വിശേഷിപ്പിക്കുന്നു.

അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇവയെ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ എല്ലാ ആഴ്ചയും വ്യഴാഴ്ച 12 മുതല്‍ 2 മണി വരെയാണ് ഈ ക്ലിനിക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി താലൂക്ക് ജില്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജജുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ (റഫറല്‍ ക്ലിനിക്ക്‌സ്) ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഇത്തരം സ്‌പെഷ്യലിസ്റ്റ് സേവനം ആവശ്യമുള്ളവരും എന്നാല്‍ ഗുരുതരമല്ലാത്ത ലക്ഷണം ഉള്ളവര്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ വഴി സേവനങ്ങള്‍ നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്ത് കഴിഞ്ഞെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവര്‍ ഏറെ ശ്രദ്ധിക്കണം. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക